തിരുവനന്തപുരം: കൂടത്തായി മരണപരമ്പരയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ വടകര റൂറൽ എസ്പിയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ അറിയിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. കേസുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണമാണ് നടക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി അന്വേഷണം നടത്തി. വളരെ ആലോചിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾ റീപോസ്റ്റുമോർട്ടം നടത്തുക എളുപ്പമല്ല. എന്നാൽ, കേസിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ആദ്യ ഉദ്യമം. ഏത് രീതിയിൽ കേസ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. ഇതൊരു കൊലപാതകമാണെങ്കിൽ വളരെ മികച്ച കേസായിരിക്കും ഇത്. കേസിൽ മാധ്യങ്ങളുടെ നല്ല പിന്തുണയുണ്ടായെന്ന് എസ്പി പറഞ്ഞിരുന്നതായും എല്ലാവർക്കും നന്ദിയുണ്ടെന്നും ഡിജിപി പറഞ്ഞു.

അതേസമയം, കൂടത്തായി കൊലപാതകപരമ്പരയിൽ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു, സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ കസ്റ്റഡിയിലെടുത്തിരുന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കൊല നടത്തിയത് താൻ തന്നെയാണെന്ന മൊഴിയാണ് ജോളി ആവർത്തിക്കുന്നത്.

Read More:കൂടത്തായി: ജോളിയും മാത്യുവും സ്വര്‍ണപണിക്കാരനും അറസ്റ്റിൽ, രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സയനൈഡ് എത്തിച്ച് നൽകിയത് താൻ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെയും മുൻഭർത്താവ് റോയ് തോമസിന്‍റെയും മക്കളെയും ജോളിയുടെ സഹോദരനെയും വടകര റൂറൽ എസ്‍പി ഓഫീസിലെത്തിച്ച് വിവരങ്ങൾ ആരാഞ്ഞു.ജോളിയുടെ ബന്ധുവാണ് അറസ്റ്റിലായിരിക്കുന്ന ജ്വല്ലറി ജീവനക്കാരൻ മാത്യു. വർഷങ്ങൾക്ക് മുമ്പാണ് സയനൈഡ് എത്തിച്ച് നൽകിയതെന്നാണ് മാത്യു മൊഴി നൽകിയിരിക്കുന്നത്. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സയനൈഡ് കൊടുത്തതെന്നും മാത്യു പറഞ്ഞു.