കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. വീഴ്ച വരുത്തിയ മുൻ വില്ലേജ് ഓഫിസർക്കും സെക്ഷൻ ക്ലാർക്കിനും എതിരെ വകുപ്പ് തല നടപടിയുണ്ടാകും.

കോഴിക്കോട്: വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് കൂടത്തായി മുന്‍ വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ സി ബിജു. ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് സി ബിജു റിപ്പോര്‍ട്ട് നല്‍കി. ജോളി കൈമാറിയ രേഖകള്‍ പരിശോധിക്കാതെ വില്ലേജ് ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. വീഴ്ച വരുത്തിയ മുൻ വില്ലേജ് ഓഫിസർക്കും സെക്ഷൻ ക്ലാർക്കിനും എതിരെ വകുപ്പ് തല നടപടിയുണ്ടാകും.

അതേസമയം ആല്‍ഫൈന്‍ കൊലപാതക കേസില്‍ ജോളി ജോസഫിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആല്‍ഫൈന്‍ കൊലപാതക കേസിലാണ് കസ്റ്റഡി. ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളി ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ട് പോകണമെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നും 14 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തിലധികം കസ്റ്റഡിയിൽ നൽകരുത് എന്നായിരുന്നു ജോളിയുടെ അഭിഭാഷകന്‍റെ വാദം. 

എല്ലാ കേസുകളും ജോളിയുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അഭിഭാഷകൻ ഹൈദർ വാദിച്ചു. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. ബുധനാഴ്ച കൂടത്തായ്, പുലിക്കയം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സിലി കൊലപാതക കേസിൽ കൂട്ടുപ്രതി മാത്യുവിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിലിയെ കൊന്ന കേസില്‍ ജോളി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളി.