കോഴിക്കോട്: സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോളിയെ ഇന്ന് ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി.

സിലി കൊലപാതകക്കേസിലാണ് കസ്റ്റഡിയിലുള്ള ജോളിയെ അന്വേഷണ സംഘം തെളിവെടുപ്പിനായി വിവിധ ഇടങ്ങളില്‍ കൊണ്ടു പോയത്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലാണ് ജോളിയെ അന്വേഷണ സംഘം ഇന്ന് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. ശേഷം ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനെയും അമ്മ ഫിലോമിനയെയും ജോളിക്കൊപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ആദ്യതവണ സിലിയെ കൊല്ലാനുള്ള ശ്രമത്തിൽ ഷാജു സഹായിച്ചെന്ന് ജോളി മൊഴി നല്‍കി. അരിഷ്ട കുപ്പിയിൽ സയനൈഡ് കലക്കിയായിരുന്നു കൊലപാതക ശ്രമം. കലക്കിയ കുപ്പി  അലമാരിയിൽ വച്ചത് ഷാജു ആയിരുന്നെന്നും ജോളിയുടെ മൊഴി നല്‍കി. പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിൽ അരിഷ്ടം സൂക്ഷിച്ചിരുന്ന അലമാരി ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. 

പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ജോളിയെ  കൂടത്തായി പൊന്നാമറ്റം വീട്ടിലേക്കും അന്വേഷണ സംഘം കൊണ്ടുപോയി. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും പിന്നീട് തെളിവെടുപ്പ് നടത്തി. കോഴിക്കോട് ഭാഗത്തെ ചിലയിടത്തും ജോളിയെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുത്തു. ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പൊലീസ് കസ്റ്റഡിഅവസാനിക്കും. അതിന് മുന്‍പ് സിലി കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ജോളിയുടെ കട്ടപ്പനയിലെ ചില ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.