കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. ഷാജുവിനെ വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഒന്നരമണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാജുവിന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം.

ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്. ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്‍റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു ഉണ്ടായിരുന്നത്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിരുന്നില്ല. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശന പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രദേശത്ത് പൊലീസിന്‍റെ സജീവസാന്നിധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 

ഷാജുവിനെതിരെ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

ഷാജുവിന്‍റെ ആദ്യഭാര്യയായ സിലിയും രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം ഷാജുവിനെ താന്‍ അറിയിച്ചിരുന്നുവെന്നാണ് ജോളിയുടെ മൊഴി. അവൾ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്‍റെ പ്രതികരണം. തനിക്ക് ദുഃഖമില്ലെന്നും ഇത് ആരും അറിയരുതെന്ന് ഷാജു പറഞ്ഞെന്നും ജോളി മൊഴി നൽകിയതായാണ് വിവരം. 

Also Read: ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് നേരത്തെ അറിയാമെന്ന് വെളിപ്പെടുത്തല്‍ 

നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജു കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. അഞ്ച് പേരെ കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. 

ജോളിക്കെതിരെ പുതിയ അന്വേഷണം

കൂടത്തായി കൊലപാതകക്കേസില്‍ അറിസ്റ്റിലായ ജോളിക്കെതിരെ മറ്റൊരു മരണത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. കോഴിക്കോട് എന്‍ഐടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതിൽ വീട്ടിൽ രാമകൃഷ്ണന്‍റെ മരണത്തിൽ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. ജോളിയും സുഹൃത്തും നടത്തിയ ബ്യൂട്ടി പാർലറുമായി രാമകൃഷ്ണന് ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, രാമകൃഷ്ണന്‍റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും എന്നാല്‍ ഭൂമി വിറ്റ വകയില്‍ അച്ഛന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നും രാമകൃഷ്ണന്‍റെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

Also Read: മരണപ്പെട്ട കോണ്‍ഗ്രസ് നേതാവിന്‍റെ വിവരങ്ങള്‍ തേടി പൊലീസ്: ജോളിയുമായി പണമിടപാട് നടത്തിയെന്ന് സംശയം ?