കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അതിബുദ്ധിയാണ് ഷാജുവിനെ കുടുക്കിയതെന്ന് റോയിയിയുടെ സഹോദരി റെഞ്ചി. ഷാജുവിന്‍റെ പങ്കിനെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും റെഞ്ചി പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്ന് മനസ്സിലായെന്നും റെഞ്ചി കൂട്ടിച്ചേര്‍ത്തു.

ഷാജു ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ജോളിയുടെയും ഷാജുവിന്‍റെയും കല്യാണത്തെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. അമ്മ മരിക്കുന്നത് വരെ സ്വന്തം ചേച്ചിയെ പോലെയായിരുന്നു ജോളി പെരുമാറിയിരുന്നത്. അമ്മയുടെ മരണത്തിന് ശേഷമാണ് അവരുടെ സ്വഭാവത്തില്‍ മാറ്റം ദൃശ്യമായത്. അച്ഛനടക്കമുള്ള ബന്ധുക്കള്‍ക്ക് ജോളിയെ അത്ര വിശ്വാസമായിരുന്നുവെന്നും അവര്‍ക്കെതിരെയുള്ള കാര്യങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു. ജോളിയെ ഭയന്ന് പൊന്നാമറ്റം വീട്ടിൽ നിന്ന് പച്ചവെള്ളം പോലും കുടിച്ചിട്ടില്ലെന്നും റെഞ്ചി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനോടും കേസ് തെളിയിച്ച ക്രൈംബ്രാഞ്ചിനോടും ഏറെ നന്ദിയുണ്ടെന്നും റെഞ്ചി പറഞ്ഞു.

ഇതിനിടെ, കൂടത്തായി കൊലപാതകങ്ങളിൽ കസ്റ്റഡിയിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കേസിലെ തന്‍റെ പങ്ക് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് അറിഞ്ഞിരുന്നെന്നാണ് ഷാജു പൊലീസിനോട് പറഞ്ഞത്. തന്‍റെ അറിവോടെയാണ് രണ്ട് കൊലപാതകവും നടന്നത്. കുഞ്ഞായ ആൽഫിനെ ആദ്യം ജോളി കൊന്നുവെന്നും പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണെന്നും ഷാജു സമ്മതിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടുവെന്നും എന്നാൽ താനതിനെ എതിർത്തെന്നും, തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് മകളെ കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പൊലീസിനോട് സമ്മതിച്ചു.

Also Read: പൊട്ടിക്കരഞ്ഞ് ഷാജു: കുഞ്ഞിനെയും ഭാര്യയെയും കൊല്ലാൻ കൂട്ടു നിന്നത് ജോളിയെ സ്വന്തമാക്കാൻ