കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി സിപിഎം കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കല രാജു. 

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സിപിഎമ്മിൽ തുടരാൻ ആ​ഗ്രഹമില്ലെന്നും കല വ്യക്തമാക്കി. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല പറഞ്ഞു. 

അതേ സമയം, നഗരസഭ ചെയര്‍പേഴ്സന്‍റെ ഓദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൌണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിലാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്. കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ കലാ രാജു ആംബുലന്‍സിലാണ് എത്തിയത്. 

അതിനിടെ, കല രാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് സാധൂകരിക്കാൻ കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് സിപിഎം. കല രാജു കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി സിപിഎം പ്രചരിപ്പിക്കുന്നത്. സാമ്പത്തിക സഹായം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കല രാജു പറയുന്നു.

കൂത്താട്ടുകുളത്ത് കടത്തിക്കൊണ്ടുപോകൽ നാടകം നടന്ന ദിവസം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കാലു മാറാൻ യുഡിഎഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ആരോപണം. ഓഫീസിലിരുത്തി അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടയാണ് സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാമെന്ന് മാത്രമാണ് യുഡിഎഫ് പറഞ്ഞതെന്ന് കല രാജുവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നേരത്തെ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് യുഡിഎഫിനോപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും സംഭാഷണത്തിലുണ്ട്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates