കൂത്താട്ടുകുളം നഗരസഭ കൗണ്‍സിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു.

എറണാകുളം:കൂത്താട്ടുകുളം നഗരസഭ കൗണ്‍സിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. ചര്‍ച്ച ആരംഭിച്ച ഉടനെ തന്നെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തി. ഇതോടെ കൗണ്‍സിൽ യോഗം ബഹളത്തിൽ കലാശിച്ചു. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു.

യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു. യുഡിഎഫിനൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്ന് കലാ രാജു വ്യക്തമാക്കി. പ്രശ്നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു. 
 നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ വാഹനം എങ്ങനെ പൊലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ ചോദിച്ചു.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കിൽ കൗണ്‍സിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് കുത്താട്ടുകുളം തട്ടികൊണ്ടുപോകൽ ചര്‍ച്ചയായത്. ചര്‍ച്ചക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. മാന്യമായ പ്രതികരണം നടത്തണമെന്ന് അധ്യക്ഷ പറഞ്ഞതോടെ ബഹളമായി. യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് മാധ്യമങ്ങളോട് പുറത്തിറങ്ങണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതിഷേധത്തിനിടെ അജണ്ടകള്‍ മുഴുവൻ പാസാക്കുകയായിരുന്നു.

കൂറുമാറ്റമല്ലെന്ന് കലാ രാജു

തനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച നടന്നതെന്നും ഈ വിഷയം ഉന്നയിച്ച് യു‍ഡിഎഫ് ആണെന്നും അതിനാലാണ് അവര്‍ക്കൊപ്പം നിന്നതെന്നും കലാ രാജു പറഞ്ഞു. തന്‍റെ മനസാക്ഷിക്കൊപ്പം നിന്നത് യുഡിഎഫ് ആണ്. അതിനാൽ തന്നെ രാജിവെക്കേണ്ട ആവശ്യമില്ല. വിഷയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാട് എടുക്കുന്നത്. പാർട്ടി വോട്ടുകൾ കൊണ്ട് മാത്രം അല്ല ജയിച്ചത്. ജനങ്ങൾ വോട്ട് ചെയ്താണ് ജയിച്ചത്. കൂറുമാറ്റം അല്ലെന്നും കലാ രാജു പറഞ്ഞു.

കലാ രാജുവിനെ കടത്തിക്കൊണ്ട് പോയത് സിപിഎം ഉന്നത തല ഗൂഢാലോചനയാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. പൊലീസ് വീഴ്ച കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഇത് സിപിഎം നിർദേശപ്രകാരമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.


'സിപിഎമ്മിലേക്ക് ഇനി തിരികെയില്ല, കൗൺസിലർ സ്ഥാനം രാജിവെയ്ക്കില്ല': നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കലാ രാജു