കരിപ്പൂരിൽ വിമാനമിറങ്ങിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി ഇക്കാര്യം പറഞ്ഞത്
കോഴിക്കോട്: കൊറിയൻ യുവതിയുടെ പീഡന പരാതിയിൽ ഇടപെട്ട് കൊറിയൻ എംബസി അധികൃതർ. എംബസി ഉദ്യോഗസ്ഥർ കോഴിക്കോടെത്തി. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരിയായ യുവതിയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കരിപ്പൂരിൽ വിമാനമിറങ്ങിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വെച്ച് യുവതി പിടിയിലാവുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പിന്നീട് കരിപ്പൂർ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ ഡോക്ടറോടാണ് യുവതി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു.
