കോടതി വിധി എങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കാൻ സർക്കാരിന് കർശന നിർദേശം, വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി തർക്ക കേസിൽ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ പറ്റി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദേശം. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സർക്കാരിന് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഒഴിഞ്ഞു മാറിയാൽ അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല. ആരുടെയും പക്ഷം പിടിക്കൽ അല്ല സർക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. സിആർപിഎഫിന് പറ്റിയില്ലെങ്കിൽ പള്ളി ഏറ്റെടുക്കാൻ പട്ടാളത്തെ വിളിക്കേണ്ടി വന്നേക്കാമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമം കൊണ്ടുവരാൻ സർക്കാരിന് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. കോതമംഗലം ചെറിയ പള്ളി സിആ‌ർപിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. 

കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സിആർപിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രമസമാധാനപാലനം സംസ്ഥാനത്തിന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സിആർപിഎഫ് അറിയിച്ചത്.