Asianet News MalayalamAsianet News Malayalam

ജോയ്സ് ജോര്‍ജ് നിരപരാധിയെന്ന റിപ്പോര്‍ട്ട്; ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോയെന്ന് ഹൈക്കോടതി

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസില്‍ ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു മൂന്നാര്‍ ഡിവൈഎസ്പി തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 

kottakamboor land scam joyce george high court munnar dysp
Author
Cochin, First Published Jul 25, 2019, 12:30 PM IST

കൊച്ചി: മുന്‍ എംപി ജോയ്സ് ജോര്‍ജിനെതിരായ കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസ് അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ ഇടുക്കി സ്വദേശിയാണോ എന്നറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കു പ്രതികളുമായി മുൻ പരിചയം ഉണ്ടോ, കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു മൂന്നാര്‍ ഡിവൈഎസ്പി തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് കോടതി തള്ളുകയും തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. 

കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്സിന്‍റെ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപ്പോർട്ട്.  ഒരു വർഷം മുമ്പാണ് പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരില്‍ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജോയ്സ് അറിയിച്ചിരുന്നു.  വ്യാജരേഖ വഴിയാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത് എന്നതാണ് ജോയ്സിനെതിരായ പരാതി. ജോയ്സിന്‍റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോര്‍ജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios