സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് വീണ ജോര്‍ജ് അറിയിച്ചു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്‍റെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലപ്പഴക്കം കൊണ്ട് കെട്ടിടെ ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകര്‍ന്നത്. ഏത് സാഹചര്യത്തിൽ ആണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

YouTube video player