കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്: 5 ദിവസമായിട്ടും അഖിലിനെ കിട്ടിയിട്ടില്ല; കേസിൽ മെല്ലപ്പോക്കെന്ന് ആരോപണം
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്.
കോട്ടയം: കോട്ടയം നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖിൽ സി.വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. അന്വേഷണമേറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.
രാഷ്ട്രീയ - ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാൻ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടായതിനാൽ ലോക്കൽ പൊലീസിൽ നിന്നും കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. അഖിൽ നടത്തിയ സാമ്പത്തിക തിരിമറിയുടെ പേരിൽ നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തിരുന്നു. പെൻഷൻ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകളും ബില്ലുകളും കൃത്യമായി പരിശോധിക്കാതെയാണ് പാസ്സാക്കിയതെന്ന് കണ്ടെത്തി.
ഇരുവർക്കുമൊപ്പം പെൻഷൻ വിഭാഗം ക്ലർക്ക് ബിന്ദു കെ ജി യെയും സസ്പെൻ്റ് ചെയ്തിട്ടുണ്ട്. ഇവർ ചുമതലയേറ്റെടുക്കുമ്പോൾ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. ജീവനക്കാർക്കെതിരെ നടപടിക്ക് തുടക്കമിട്ടതോടെ, തട്ടിപ്പിൽ നഗരസഭ ഭരണസമിതിയുടെ ഒത്താശയെന്ന ആരോപണം ബലപ്പെടുത്തുകയാണ് എൽഡിഎഫും ബിജെപിയും. ഇന്നലെ നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച് ഉണ്ടായിരുന്നു. ഇന്ന് ബിജെപിയും നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.