നഴ്സിം​ഗ് കോളേജിലെ അതിക്രൂര റാ​ഗിം​​ഗ്; ഹോസ്റ്റൽ മുറിയിൽ മാരക ആയുധങ്ങൾ, കത്തിയും കരിങ്കല്ലുകളും കണ്ടെത്തി

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പാൾ എം ടി സുലേഖയേയും അസിസ്റ്റന്‍റ് വാർഡൻ അജീഷ് പി മാണിയേയും സസ്പെന്‍റ് ചെയ്തു.

kottayam nursing college ragging case latest update police investigation continues

കോട്ടയം: കോട്ടയം സർക്കാർ നഴ്സിം​ഗ് കോളേജിലെ റാഗിങ്ങിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുന്നു. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിന് ഇരയായ നാല് വിദ്യാർത്ഥികൾ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥകളിൽ ഒരാൾ മാത്രമാണ് മുൻപ് പരാതി നൽകിയിരുന്നത്.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം. കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മാർച്ച് നടത്തും. കേരള ഗവൺമെന്‍റ് നഴ്സസ് യൂണിയനും കോളേജിന് മുന്നിൽ പ്രതിഷേധിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പാൾ എം ടി സുലേഖയേയും അസിസ്റ്റന്‍റ് വാർഡൻ അജീഷ് പി മാണിയേയും സസ്പെന്‍റ് ചെയ്തു.

Also Read: അതിക്രൂര മർദനം പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന്; നഴ്സിംഗ് കോളേജിലെ റാഗിംഗില്‍ വിവരങ്ങള്‍ പുറത്ത്

കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ  ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios