Asianet News MalayalamAsianet News Malayalam

Kottiyoor Rape Case : റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമാക്കി

കണ്ണൂര്‍ ജില്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ല്‍ പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതാണ് കേസ്. 

Kottiyoor Rape Case  20 years imprisonment reduced to 10 years for Robin Vadakkumchery
Author
Kochi, First Published Dec 1, 2021, 10:51 AM IST

കൊച്ചി: കൊട്ടിയൂർ പീ‍ഡനക്കേസ് (Kottiyoor Rape Case) പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് (Robin Vadakkumchery)  ശിക്ഷാ ഇളവ്. 20 വ‍ർഷം തടവുശിക്ഷ 10 വർഷമാക്കി ഹൈക്കോടതി വെട്ടിക്കുറച്ചു. പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വർഷം വീതം മുന്ന് വകുപ്പുകളിലായി 60 വർഷം തടവാണ് തലശേരി പോക്സോ കോടതി നേരത്തെ വിധിച്ചത്. ശിക്ഷ 20 വർഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ, ബലാത്സംഗക്കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നാരായണ പിഷാരടി ഈ കുറ്റങ്ങൾക്ക് വിചാരണക്കോടതി വിധിച്ച 20 വ‍ർഷം തടവ് 10 വർഷമാക്കി വെട്ടിച്ചുരുക്കി. വിചാരണക്കോടതി ശിക്ഷിച്ച മൂന്നുലക്ഷം രൂപയുടെ പിഴ ഒരു ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.  

16 വയസിൽ താഴെയുളള പെൺകുട്ടികൾ ഇരകളാകുന്ന പോക്സോ-ബലാത്സംഗ കേസുകളിൽ കുറഞ്ഞശിക്ഷ 20 വ‍ർഷമെന്ന നിയമഭേദഗതി നിലവിൽ വന്നത് 2019 ൽ ആണെന്നും കേസിനാസ്പദമായ സംഭവം നടന്നത് 2016 ൽ ആണെന്നുമുളള പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് ശിക്ഷാ ഇളവ്. സ്ഥാപനമേലധികാരിയുടെയും ഇടവക വൈദികന്‍റെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് 20 വർഷത്തെ തടവുശിക്ഷ വിചാരണക്കോടതി നൽകിയിരുന്നു. ഈ കുറ്റം നിലനിൽക്കുന്നതല്ല എന്നുകണ്ടാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പളളി വികാരിയും ഇവിടുത്തെ സ്കൂൾ മാനേജരുമായിരുന്ന ഘട്ടത്തിലാണ് റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നാണ് കേസ്. 

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയിൽ പറഞ്ഞത്. റോബിൻ വടക്കുംചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമാകുകയായിരുന്നു.

ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യ ഇളവ് തേടി റോബിന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചിരുന്നു. എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളിയിരുന്നു. 

 
Follow Us:
Download App:
  • android
  • ios