കോഴിക്കോട്: വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനെ ചൊല്ലിയുള്ള ആര്‍എംപി കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസ്- ആര്‍എംപി നേതൃത്വം പലവട്ടം ചര്‍ച്ച നടത്തിയിട്ടും കല്ലാമല പ്രശ്നത്തിന് പരിഹാരം ആവുന്നില്ല. യുഡിഎഫും ആര്‍എംപിയും ഉള്‍പ്പെടുന്ന ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി സുഗതന്‍ മാസ്റ്ററും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയകുമാറും പ്രചാരം തുടരുകയാണ്. തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ അത് സൗഹൃദ മത്സരത്തിലേക്ക് നീങ്ങിയേക്കും. 

സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ആര്‍എംപിക്ക് വോട്ട് ചെയ്യുമെന്ന് ആര്‍എംപി നേതാവ് കെക രമ പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കം അവരാണ് പരിഹരിക്കേണ്ടത്. സിപിഎം ജയിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. സിപിഎം ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ആര്‍എംപിക്ക് വോട്ട് ചെയ്യുമെന്നും കെക രമ കൂട്ടിച്ചേർത്തു. 

അതേ സമയം കല്ലാമല തര്‍ക്കം ഒറ്റപ്പെട്ട സംഭവമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍ എംപിയും വ്യക്തമാക്കി.

വടകരയിലെ ഒഞ്ചിയം, ഏറാമാല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ക്ക് പുറമെ ജില്ലാപഞ്ചായത്തിലും ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണി ഒറ്റക്കെട്ടായി മത്സരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കല്ലാമലയിലെ തര്‍ക്കം ജനകീയ മുന്നണിയുടെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇരുപാര്‍ട്ടികളിലേയും പ്രദേശിക നേതൃത്വം.