Asianet News MalayalamAsianet News Malayalam

മാമി തിരോധാനക്കേസ്; സിബിഐക്ക് വിടാന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകിയതായി മലപ്പുറം എസ് പി

എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു. 

kozhikode mami missing case SP said that report has been submitted to  CBI
Author
First Published Sep 5, 2024, 3:51 PM IST | Last Updated Sep 5, 2024, 5:00 PM IST

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സിബിഐക്ക് വിടാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയതായി മലപ്പുറം എസ് പി എസ് ശശിധരൻ. കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.

കോഴിക്കോട് വലിയ വലിയ വസ്തു ഇടപാടുകള്‍ നടത്തുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ബന്ധപ്പെടുത്തി ഭരണകക്ഷി എംഎല്‍എ തന്നെ ഗുരുതര ആരോപണം ഉന്നയിച്ചതിന്റെ പിന്നാലെയാണ് മലപ്പുറം എസ് പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് സിബിഐക്ക് കൈമാറാമെന്ന റിപ്പോര്‍ട്ട് ‍‍ഡിജിപിക്ക് നല്‍കിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മലപ്പുറം എസ്പി ശശിധരന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കുടുംബം നല്‍കിയ ഹര്‍ജി വീണ്ടും അടുത്ത മാസം ഒന്നിന് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോള്‍ എഡിജിപിക്കെതിരായ ആരോപണമുള്‍പ്പെടെയുള്ള പുതിയ സംഭവവികാസങ്ങളും അഭിഭാഷകന്‍ കോടതിയുടെ മുന്നിലെത്തിച്ചിട്ടുണ്ട്. പുതിയ വിവാദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രത്യേക അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം കഴി‍ഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള  ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചിച്ചതെങ്കിലും കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം തന്നെ ഉന്നയിച്ചിരുന്നു.

കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കേസ് എ‍ഡി‍ജിപി എംആര്‍ അജിത്കുമാര്‍ കൈമാറുന്നത്.നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തിട്ടും നിരവധി ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടും ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ പുതിയ സംഘത്തിനും കഴിഞ്ഞിട്ടില്ല.എഡിജിപി നിയോഗിച്ച പുതിയ  സംഘത്തിലെ പത്തില്‍ എട്ടുപേരും നേരത്തെ തൃപ്തികരമല്ലാത്ത രീതിയില്‍ കേസ് അന്വേഷിച്ചവര്‍ തന്നെയാണെന്നും തൃപ്തികരമല്ലെന്നും കുടുംബം ചുണ്ടിക്കാട്ടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios