പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച, നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച, നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ സ്വദേശി നിതിന്‍ രാജി(22) നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂര്‍ പൈപ്പ് ലൈനിലുള്ള നിതിന്‍ താമസിക്കുന്ന വീട്ടില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തുകയായായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിലാണ് മാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, മാവൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍, സിവില്‍ പോലീസ് ഓഫീസര്‍ വൈഷ്ണവ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് നിതിനെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്കെതിരെ മാവൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും മാവൂര്‍ ബസ് സ്റ്റാന്‍റില്‍ വെച്ച് ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണമുള്ള വിരോധത്താല്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ നിതിന്‍ രാജിനെ റിമാന്‍റ് ചെയ്തു.


