Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡി. കോളേജ് ആക്രമണ കേസ്; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജനാധിപത്യ മഹിള അസോസിയേഷൻ

പ്രതികൾക്ക് വേണ്ടിയുളള തെരച്ചിലിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട്ടിൽക്കയറി സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാണിക്കുന്നെന്നാണ് ആക്ഷേപം.

Kozhikode Medical college attack case Democratic Womens Association against police
Author
First Published Sep 17, 2022, 8:55 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജനാധിപത്യ മഹിള അസോസിയേഷൻ. പ്രതികൾക്ക് വേണ്ടിയുളള തെരച്ചിലിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീട്ടിൽക്കയറി സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാണിക്കുന്നെന്നാണ് ആക്ഷേപം. ഇടത് സർക്കാരിന്റെ നയം പൊലീസ് അട്ടിമറിക്കുന്നെന്നാരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഇനിയും പിടികിട്ടാനുളള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിമാക്കുന്നതിനിടെയാണ് പൊലീസിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും നിലപാട് കടുപ്പിക്കുന്നത്. തെരച്ചിലിന്‍റെ ഭാഗമായി പൂർണ ഗർഭിണിയെ പൊലീസ് പരസ്യമായി അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ കെ കെ ലതിക ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്നായിരുന്നു ജനാധിപത്യ മഹിള അസോസിയേഷൻ നേതാക്കൾ അറിയിച്ചിരുന്നത്. മാർച്ച് പ്രതിരോധിക്കാൻ പൊലീസ് സന്നാഹമൊരുക്കിയെങ്കിലും അവസാന നിമിഷം കിഡ്സൺ കോർണറിലേക്ക് മാറ്റി. പൊലീസിനെതിരെ സിപിഎം പോഷക സംഘടനതന്നെ പ്രതിഷേധ മാർച്ച് നടത്തുന്നതിൽ പാർടി നേതൃത്വം അതൃപ്തി അറിയിച്ചതിനെ തുടർന്നാണിതെന്നാണ് സൂചന. 

പ്രതി ചേർക്കപ്പെട്ട ഇടത് പ്രവർത്തകർക്കായുളള തെരച്ചിലിനിനെതിരെ നേരത്തെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും പരസ്യമായി രംഗത്തുവന്നിരുന്നു. ജനാധിപത്യമഹിളാ അസോസിയേഷൻ കൂടി വിമർശനവുമായെത്തുമ്പോൾ പൊലീസ് കൂടുതൽ പ്രതിരോധത്തിലാവുകയാണ്. അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്നലെ തള്ളിയത്. കോഴിക്കോട് സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് പ്രതികളുടെ ജാമ്യം തള്ളിയത്.

Follow Us:
Download App:
  • android
  • ios