സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്നും മാറ്റാന്‍ മെയില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കരുതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.

കോഴിക്കോട്: ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ സന്ദര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്നാണ് അന്വേഷണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തല്‍. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണം. എല്ലാ വാര്‍ഡുകളും വ്യക്തമാകുന്ന തരത്തില്‍ സിസിടിവി സ്ഥാപിക്കണം. സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്നും മാറ്റാന്‍ മെയില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കരുതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

വഴിയരികില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു; 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സസ്പെഷനിലായിരുന്ന അഞ്ചു ജീവനക്കാരെ കഴിഞ്ഞ ദിവസം തൃശൂര്‍ കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നു. സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും സസ്പെന്‍ഷന്‍ നടപടി നീട്ടി. ഈ സസ്പെന്‍ഷന്‍ പിന്‍വലിച്ചാണ് ജീവനക്കാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയത്.

YouTube video player