വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനു.

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അതേ സമയം, വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുടെ സ്ഥീരീകരണം പുറത്തുവന്നിരുന്നു. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും എ ആര്‍ ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എ ആര്‍ ഒ അറിയിച്ചു. ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വെട്ടിലായി.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്ന വി എം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എ ആര്‍ ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്.ഇക്കാര്യങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഇതോടെ വിനുവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും പ്രതിസന്ധിയിലായി. അതേ സമയം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നും വോട്ട് ചോരിയാണ് നടക്കുന്നതെന്നുമുള്ള വാദം ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.

നിയമപരമല്ലാതെ വിനുവിന് വോട്ടനുവദിച്ചാല്‍ എതിര്‍ക്കുമെന്നു സിപി എം ജില്ലാ നേതൃത്വം വ്യക്തമാക്കി. അന്തിമ വോട്ടര്‍ പട്ടിക പുറത്തു വന്നപ്പോളാണ് എം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന കാര്യം അദ്ദേഹവും കോണ്‍ഗ്രസ് നേതൃത്വും അറിയുന്നത്. അതേസമയം കോഴിക്കോട് കോര്പറേഷൻ 19 ആം വാർഡ് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിയുടെ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വിനുവിന്‍റെയും ബിന്ദുവിന്‍റെയും കാര്യത്തില്‍ നിയമ നടപടി തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്