തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ  പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട്  കോഴിക്കോട് വിജിലൻസ് കോടതി സംശയം പ്രകടിപ്പിച്ചു.

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം പണപ്പിരിവിൽ കോടതി സംശയം പ്രകടിപ്പിച്ചു. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. 

തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട് കോഴിക്കോട് വിജിലൻസ് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പിടിച്ചെടുത്ത പണം തെരെഞ്ഞെടുപ്പ് ഫണ്ട് ആണെന്ന വാദം കെഎം ഷാജി ആവര്‍ത്തിച്ചു. അനധികൃത സ്വത്ത് സമ്പാദന ക്കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം കെ.എം.ഷാജിയുടെ കണ്ണൂരിലെ അഴീക്കോട്ടുള്ള വീട്ടില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.

പണം തിരികെ ആവശ്യപ്പെട്ട് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് നേരത്തേ എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നാല്‍പ്പത്തിയേഴ് ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് സത്യവാങ്മൂലം സമർപ്പിച്ചത്. പണം തിരികെ നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് ഈ നിലപാട് ഇന്നും ആവര്‍ത്തിച്ചു.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലായിരുന്നു പരിശോധന. മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും പിന്നീട് ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Read More : സാമൂഹിക ശാസ്ത്ര അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; എസ് എഫ് ഐ സമരം