തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഭാരവാഹികള്‍ക്ക് സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്‍കി കെപിസിസി. സംഘടനാ ചുമതല കെ പി അനിൽകുമാറിന് തന്നെ നൽകി. അനിൽ കുമാറിന് സംഘടനാ ചുമതല നൽകിയതിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയതോടെ ചുമതല നൽകുന്നത് വൈകുകയായിരുന്നു. ജനറൽ സെക്രട്ടറിമാർക്കും വൈസ് പ്രസിഡന്റുമാർക്കും ചുമതലകള്‍ വിഭജിച്ച് നൽകിയിട്ടുണ്ട്.

എ ഗ്രൂപ്പിലെ തമ്പാനൂർ രവിക്ക്  ഓഫീസിന്റെയും തെരഞ്ഞെടുപ്പിന്റെയും ചുമതല നൽകി. ആറ് ജില്ലകളുടെ ചുമതല എ വിഭാഗത്തിനും ഏഴെണ്ണം ഐ വിഭാഗത്തിനും ഒരു ജില്ല വി എം സുധീരനൊപ്പമുള്ള ടോമി കല്ലാനിക്കും നല്‍കി. വൈസ് പ്രസിഡന്റുമാർക്കും ഇത്തവണ ചുമതല നൽകിയിട്ടുണ്ട്. മഹിളാ കോൺഗ്രസിന്റെയും കരുണാകരൻ ഫൗണ്ടേഷന്റെയും ചുമതല പത്മജാ വേണുഗോപാലിനാണ്. 

സി ആർ മഹേഷിന് യൂത്ത് കോൺഗ്രസിന്റെയും ജയ്സൺ ജോസഫിന് കെഎസ്‌യുവിന്റെയും ചുമതല നൽകി. വീക്ഷണത്തിന്റെയും ജയ് ഹിന്ദിന്റെയും ചുമതല ആർക്കും നൽകിയിട്ടില്ല.