Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ പൊലീസ് അതിക്രമം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ

പൊലീസ് അതിക്രമത്തിനെതിരെയാണ് പരാതി. താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു.

kpcc dgp office march clashes k sudhakaran complained to lok sabha speaker against police nbu
Author
First Published Dec 23, 2023, 2:12 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ. പൊലീസ് അതിക്രമത്തിനെതിരെയാണ് പരാതി. താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ സുധാകരൻ ആരോപിക്കുന്നു. പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തി. മുകളില്‍ നിന്നും നിര്‍ദേശം ഇല്ലാതെ പൊലീസ് ഇങ്ങനെ ചെയ്യില്ല. അടിച്ചിടാന്‍ നോക്കേണ്ട, ശക്തമായി നേരിടുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിണറായിക്കും ഗുണ്ടകള്‍ക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു. വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

Also Read: തലസ്ഥാനത്ത് തെരുവുയുദ്ധം; ജലപീരങ്കിയിൽ സുധാകരന് ദേഹാസ്വാസ്ഥ്യം, പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സതീശൻ

കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, താന്‍ സംസാരിക്കുമ്പോഴാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios