Asianet News MalayalamAsianet News Malayalam

ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരന് ട്രസ്റ്റ് പണം നല്‍കിയില്ലെന്ന് അന്വേഷണസമിതി

സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.
 

kpcc enquiry committee against k karunakaran trust i cherupuzha joy suicide
Author
Kannur, First Published Sep 17, 2019, 4:23 PM IST

കണ്ണൂര്‍:  ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ കെപിസിസി സമിതി. കെട്ടിടനിര്‍മ്മാണത്തിന്‍റെ പണം 
കരാറുകാരന് ട്രസ്റ്റ് ഭാരവാഹികൾ നല്‍കിയിട്ടില്ലെന്ന് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.

സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ട്  ഇന്നു തന്നെ കെപിസിസി നേതൃത്വത്തിന് കൈമാറുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു. 

ചെറുപുഴ സ്വദേശി ജോയിയെ ഈ മാസമാദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. 

കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ  കണ്ടെത്തിയത്.  പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചർച്ചകൾ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്നാണ് വിഷയം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചത്. 

Follow Us:
Download App:
  • android
  • ios