മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാൻ കാരണം. ഇന്നലെ നടപടിക്ക് നിർദേശിച്ച ഹൈക്കമാൻറിന് തീരുമാനം വൈകുന്നതിൽ അതൃപ്തിയുണ്ട്. അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം നീട്ടി കെപിസിസി. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാൻ കാരണം. ഇന്നലെ നടപടിക്ക് നിർദേശിച്ച ഹൈക്കമാൻറിന് തീരുമാനം വൈകുന്നതിൽ അതൃപ്തിയുണ്ട്. അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
പുതിയ പീഡനപരാതി പാർട്ടി നേതൃത്വത്തിന് വന്നതോടെ രാഹുലിനെ പുറത്താക്കണമെന്ന ചർച്ച ഇന്നലെ മുതൽ കോൺഗ്രസ്സിൽ ശക്തമായി. പരാതി പൊലീസിന് കൈമാറിയതിനൊപ്പം പുറത്താക്കൽകൂടി ഉയർത്തി സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാമെന്നായിരുന്നു ധാരണ. എഐസിസിയും ഉടൻ നടപടിക്ക് നിർദേശിച്ചു. രാവിലെയോടെ നടപടി വരുമെന്ന് ഉറപ്പിച്ചു. വനിതാനേതാക്കൾ കൂട്ടത്തോടെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ നടപടി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ ചില കേരള നേതാക്കളുടെ നിലപാട് എല്ലാം മാറ്റിമറിച്ചു. മേൽവിലാസമൊന്നുമില്ലാത്ത പുതിയ പരാതിയിൽ ചിലർക്ക് സംശയം ഉടലെടുത്തെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി നിലപാട് കൂടി വരട്ടെ എന്ന് ചിലനേതാക്കളും വാദിച്ചു.
എടുക്കേണ്ടത് അവസാനത്തെ സംഘടനാ നടപടിയായതിനാൽ ഒരാലോചന കൂടി എന്ന അഭിപ്രായം മെല്ലെ ബലപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയിൽ യുവതിയുമായുള്ള ബന്ധം സമ്മതിക്കുന്ന രാഹുൽ പരാതിയിലെ ഒരു ഭാഗം അംഗീകരിച്ചതോടെ നടപടി വൈകിപ്പിക്കരുതെന്ന് ചില നേതാക്കൾ പറഞ്ഞു. നിർദേശിച്ച നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അമർഷം. നേരത്തെ എടുക്കുന്ന നടപടി ഗുണമേറെയെന്ന നിലപാട് സംസ്ഥാനത്തെയും ഒരു വിഭാഗത്തിനുണ്ട്. ജാമ്യാപേക്ഷയിലെ കോടതി വിധി നോക്കി ആലോചിച്ച് തീരുമാനമെന്നാണ് നേതാക്കളുടെ പുതിയ നിലപാട്. ജാമ്യമില്ലെങ്കിൽ ഗതി കെട്ട് നടപടി എന്ന പഴി കേൾക്കുമെന്ന പ്രശ്നം കോൺഗ്രസ് നേരിടേണ്ടി വരും.



