ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺഗ്രസ് നേതൃത്വത്തിന് പെൺകുട്ടി പരാതി നൽകിയത്.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ പരാതി കോൺഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അതേസമയം, ആദ്യ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടർന്ന് വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നുണ്ട്. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ സിനിമ നടിയുടേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാർ എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ കാറിൽ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാർ രാഹുലിനെ ഏൽപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാൻ നീക്കമുണ്ട്. കാർ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ രംഗത്തെത്തി.



