തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഉടന്‍ അംഗീകാരം നല്‍കും. നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും 10 വൈസ് പ്രസിഡന്‍റുമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, പട്ടികയില്‍ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. 

ജംബോ പട്ടിക ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അദ്ദേഹത്തിന് വേറെ വഴിയില്ലായിരുന്നു. കരട് പട്ടിക ഹൈക്കമാന്‍റിന് സമര്‍പ്പിച്ചിട്ടുണ്ട്. 

നിലവിലെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും പുറമേ വി ഡി സതീശന്‍റെയും തമ്പാനൂര്‍ രവിയുടെയും പേരാണ് എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയത്. 20 മുതല്‍ 30 വരെ ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പട്ടിക. 

വി എസ് ജോയി, സി ആര്‍ മഹേഷ് അടക്കമുള്ള യുവാക്കളുടെ പ്രാതിനിധ്യം ഉണ്ടെങ്കിലും കരട് പട്ടികയിലുള്ളവരുടെ ശരാശരി പ്രായം അറുപതിനു മുകളിലാണ്. അതാണിപ്പോള്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസിന്‍റെയും കെഎസ്‍യുവിന്‍റെയുമൊക്കെ പ്രവര്‍ത്തകര്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്.