ട്രെയിനിൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സുധാകരൻ ചോദിച്ചു.
കണ്ണൂർ: ടിക്കറ്റില്ലാത്തതിന്റെ പേരിൽ പൊലീസ് (Kerala Police) ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സുധാകരൻ പറഞ്ഞു. ട്രെയിനിൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സുധാകരൻ ചോദിച്ചു.
'യാത്രക്കാരനെതിരെയുണ്ടായ ഏകപക്ഷീയമായ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം. സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്. തങ്ങൾ സ്വീകരിക്കേണ്ട നടപടികളെന്താണെന്ന് പോലും പൊലീസിന് അറിയാത്ത സ്ഥിതി. നിയന്ത്രിക്കാൻ സർക്കാരുമില്ല. കേരളത്തിൽ ലോക്കൽ സെക്രട്ടറിമാരെ വെച്ചാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നത്. പൊലീസ് നടപടികൾ ക്രമസമാധാനം തകർക്കുന്ന സ്ഥിതിയാണുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ട്രെയിനിൽ പൊലീസിന്റെ ക്രൂരത, യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം; ദൃശ്യങ്ങൾ
ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്.
സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്. യാത്രക്കാരനെ വടകരയിൽ ഇറക്കിവിട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തതക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് സംഘം മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനോട് കാര്യമന്വേഷിച്ചപ്പോൾ താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നുമാണ് എസ്ഐഐ പ്രമോദ് ന്യായീകരിക്കുന്നത്. ബൂട്ടു കൊണ്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചു.
