Congress : ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കെ പി സി സി നേതൃത്വം; ഹൈക്കമാണ്ടിനു പരാതി നൽകും
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാൻ ഈ നേതാക്കൾ ശ്രമിക്കുകയാണ്. ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് നേതത്വം ഹൈക്കമാണ്ടിനെ അറിയിക്കും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും(oommenchandy) രമേശ് ചെന്നിത്തലക്കും (ramesh chennithala)എതിരെ കെ പി സി സി (kpcc)നേതൃത്വം. ഇരുവർക്കും എതിരെ ഹൈക്കമാണ്ടിനു പരാതി നൽകാൻ തീരുമാനം.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന ചില മുതിർന്ന നേതാക്കൾ പാർട്ടി പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന പരാതി. ഇവർ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതൃത്വം പറയുന്നു.
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കഴിഞ്ഞ ദിവസത്തെ യുഡിഫ് യോഗം ബഹിഷ്‌ക്കരിച്ചതിന് ഒരു കാരണവും ഇല്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാൻ ഈ നേതാക്കൾ ശ്രമിക്കുകയാണ്. ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് നേതത്വം ഹൈക്കമാണ്ടിനെ അറിയിക്കും.
ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരാതി ഉള്ളത് പാർട്ടി പുന:സംഘടനയിൽ ആണ്. ഈ വിഷയത്തിൽ ചർച്ചക്ക് തയ്യാർ ആയിട്ടും വിവാദം ഉണ്ടാക്കുന്നുവെന്നും കെ പി സി സി നേതത്വം പറയുന്നു.