ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണെന്നാണ് സൂചന. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ കാണുന്നു. പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും എന്നാണ് വിവരം. 

ദില്ലി: കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കവുമായി എഐസിസി. പുതിയ കെപിസിസി അധ്യക്ഷനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണെന്നാണ് സൂചന. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയെ കണ്ടു. കേരള നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. നിലവിലെ സ്ഥിതിയും അധ്യക്ഷന്റെ മാറ്റത്തിലെ നിലപാടും നേതാക്കളോട് രാഹുല്‍ ആരാഞ്ഞു. പ്രഖ്യാപനം ഇന്ന് തന്നെ വന്നേക്കും എന്നാണ് വിവരം. ആന്‍റോ ആന്‍റണിക്ക് തന്നെയാണ് മുന്‍തൂക്കം.

സുധാകരന്‍റെ പരസ്യ പ്രതികരണത്തില്‍ എഐസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കെ സുധാകരന്‍റെ വെല്ലുവിളി പാടേ അവഗണിക്കാനാണ് എഐസിസി നീക്കം. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വ്യക്തമായ സൂചന ദില്ലി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നല്‍കിയിട്ടും, കെ സുധാകരന്‍ മലക്കം മറിഞ്ഞെന്നാണ് നേതൃത്വം പറയുന്നത്. ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്ത് നടത്തിയ ചര്‍ച്ചയെ അവഗണിച്ച് പരസ്യ പ്രതികരണം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിന്‍റെ വിശദാംശങ്ങള്‍ നേതൃത്വം തേടിയിട്ടുണ്ട്. പരസ്യ പ്രസ്താവന തുടര്‍ന്നാല്‍ അച്ചടക്ക നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയ കെ സി വേണുഗോപാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ കാര്യങ്ങള്‍ ധരിപ്പിക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി പുതിയ പ്രസിഡന്‍റിനുള്ള ശുപാര്‍ശ സമര്‍പ്പിച്ച് എഐസിസി അധ്യക്ഷന്‍റെ അനുമതി തേടും. തുടര‍ന്നാകും പ്രഖ്യാപനം.

ആന്‍റോ ആന്‍റണിക്ക് തന്നെയാണ് അവസാന വട്ട ചര്‍ച്ചകളിലും മുന്‍തൂക്കം. ഇന്ന് രാത്രിയോടെയെങ്കിലും പ്രഖ്യാപനം നടത്താനുള്ള നീക്കമാണുള്ളത്. അല്ലെങ്കില്‍ നാളെയോടെ പ്രഖ്യാപനം വന്നേക്കും. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. സുധാകരന്‍ പിന്നില്‍ ഒരു വിഭാഗം നേതാക്കള്‍ അണി നിരന്നത് നല്ല സൂചനയല്ല നല്‍കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പടക്കം മുന്‍പിലുള്ളപ്പോള്‍ പുതിയ അധ്യക്ഷ പ്രഖ്യാപനം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകാനാണ് സാധ്യത.