Asianet News MalayalamAsianet News Malayalam

പോരായ്മകൾ കണ്ടെത്തി, പരിഹാരം തുടങ്ങി, ശത്രുക്കളുടെ കെണിയിൽ വീഴരുത്, ഒരാളും പരിധിവിടരുത്: കെ സുധാകരൻ

ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാ ര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

KPCC President K Sudhakaran on DCC leaders two day summit at Trivandrum
Author
Thiruvananthapuram, First Published Sep 8, 2021, 3:47 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികൾ പോലും കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മനാറ്റം വരുത്തും. പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണ്. ഒറ്റക്കെട്ടായി, ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. ശത്രുക്കൾ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാ ര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ ഹീനതന്ത്രം മെനയുകയാണ് സിപിഎം. രണ്ടു കൂട്ടരെയും ജനമധ്യത്തില്‍ തുറന്നു കാട്ടി തൊലിയുരിക്കാനുള്ള  അവസരമാണ് മുന്നിലുള്ളത്. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കേണ്ടത്.'

'സംശുദ്ധമായ പൊതുജീവിതമായിരിക്കണം കോണ്‍ഗ്രസ് നേതാക്കളുടെ മുഖമുദ്ര. പുതുതലമുറയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. പൊതുപ്രവര്‍ത്തകന്‍ സമൂഹത്തിന് മാതൃകയാകണം. കാലോചിതമായ വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് കഴിയണം. കോണ്‍ഗ്രസിന്റെ തകര്‍ച്ച രാഷ്ട്രീയ എതിരാളികള്‍ പോലും ആഗ്രഹിക്കുന്നില്ല. പോരായ്മകള്‍ കണ്ടെത്തിക്കഴിഞ്ഞു. പരിഹാരങ്ങള്‍ ആരംഭിച്ചു,'- സുധാകരൻ പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് അവരുടെ അഭിപ്രായവും പ്രയാസവും പറയാനും അതിനെല്ലാം പരിഹാരം കാണാനുമാണ് താന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാള്‍പോലും പരിധിവിട്ടുപോകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios