വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്ന് കെ സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: ഗവർണറുടെ മാധ്യമവിലക്കിൽ വ്യാപക പ്രതിഷേധം. ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്ന് കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വാർത്തകൾ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കാം. എന്നാല്‍, ഒരുതരത്തിലും നീതികരിക്കാൻ കഴിയാത്ത നടപടിയാണ് ഗവർണറുടേതെന്ന് എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവർത്തകരെ ഇറക്കിവിടുന്നത് ജനാധിപത്യവിരുദ്ധം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ചു. കെയുഡബ്ല്യുജെ കൊച്ചിയിൽ മാധ്യമ ബഹിഷ്ക്കരണത്തിന് എതിരെ പ്രകടനം നടത്തി.
ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്നും വീണ്ടും മീഡിയാ വണ്‍, കൈരളി എന്നീ ചാനലുകളെ പുറത്താക്കി നടപടിയിലാണ് പ്രതിഷേധം കനക്കുന്നത്. രാജ് ഭവന്‍റെ അറിയിപ്പ് പ്രകാരം എത്തിയ മാധ്യമങ്ങളെയാണ് കൊച്ചിയിൽ 'കേഡർ മാധ്യമങ്ങൾ' എന്ന പദം ആവർത്തിച്ച് ഗവർണർ പുറത്ത് നിർത്തിയത്.ഇത് അസഹിഷ്ണുതയല്ലെ എന്ന ചോദ്യത്തിന് എങ്ങനെ വിലയിരുത്തിയാലും തനിക്ക് പ്രശ്നമില്ലെന്നായിരുന്നു ഗവർണറുടെ മറുപടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെക്ക് പോകും മുമ്പ് മാധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാൻ താത്പര്യമുള്ളവർ രാജ്ഭവനെ മെയിൽ വഴി ബന്ധപ്പെടണമെന്നുമായിരുന്നു നിർദ്ദേശം. ഇത് പ്രകാരം മെയിൽ അയച്ച് രാജ്ഭവനിൽ നിന്നും മറുപടി അറിയിപ്പ് ലഭിച്ച പ്രകാരമാണ് മാധ്യമങ്ങളെത്തിയത്. രാജ്ഭവൻ അറിയിച്ച പ്രകാരം എട്ടരക്ക് മാധ്യമപ്രവർത്തകർ എത്തി. 8.45ന് രാജ് ഭവൻ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച് മാധ്യമപ്രവർത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്റ്റ് ഹൗസിൽ പ്രവേശിപ്പിച്ചത്.മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ഉടൻ ഗവർണർ തന്‍റെ തീരുമാനം പ്രഖ്യാപിച്ചു. മീഡിയാ വണിൽ നിന്നും എത്തിയ വനിതാ മാധ്യമപ്രവർത്തകയെ അടക്കം ഇറക്കിവിട്ടു.
തന്‍റെ വാർത്താ സമ്മേളനത്തിൽ കൈരളിയും മീഡിയാവണ്ണും വേണ്ടെന്ന തീരുമാനം ഉണ്ടെന്നിരിക്കെ രാജ്ഭവൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. ഇതിനിടെ രാജ്ഭവൻ തന്നെ തയ്യാറാക്കിയ മാധ്യമങ്ങളുടെ പട്ടികയും പുറത്തുവന്നു. ഇതിൽ പതിനൊന്നാമതായി കൈരളിയെയും പതിനാലാമതായി മീഡിയാവണ്ണിനെയും ഉൾപ്പെടുത്തിയിരുന്നു.
