കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്ഥാവനകള്‍ വിവാദമാകുമ്പോള്‍ 'തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു' എന്ന സ്ഥിരം പല്ലവി തന്നെയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നത്. 

'എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ പിഴ' നാക്ക് പിഴകള്‍ കൂടിയപ്പോള്‍ പിഴവുകള്‍ ഏറ്റുപറാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലാണ് കെ.പി.സി.സി. പ്രസിഡിന്‍റ് കെ സുധാകരന്‍. ഒന്നിന് പുറകെ മറ്റൊന്നെന്ന തരത്തില്‍ അഭിപ്രായം പറഞ്ഞ കാര്യത്തിലെല്ലാം തിരുത്തും വിശദീകരണവും പ്രസ്ഥാവന പിന്‍വലിക്കലും എല്ലാമായി അദ്ദേഹം ആകെ തിരക്കിലാണെന്ന് അണിയറ വര്‍ത്തമാനം. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ കാര്യമായ ആക്രമണം നേരിട്ടിട്ടില്ലെങ്കിലും സഖ്യ കക്ഷിയായ മുസ്ലിം ലീഗ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. കെ സുധാകരന്‍റെ പരാമര്‍ശങ്ങളിലെല്ലാമുള്ള ബിജെപി താത്പര്യമാണ് മുസ്ലീം ലീഗിനെ അരിശം പിടിപ്പിച്ചതെന്ന സത്യമാണ്. ഒടുവില്‍ കെ പി സി സി പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് പരാതി പോകുന്നത് വരെയെത്തി കാര്യങ്ങള്‍. എന്തൊക്കെയായിരുന്നു ആ നാക്കുപിഴകള്‍? 

'ചെത്തുകാരന്‍റെ മകന്‍' എന്ന പ്രയോഗത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ കെ സുധാകരന്‍റെ പരാമര്‍ശം ഏറെ വിവാദമായി. 'ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍' എന്ന പരാമര്‍ശമാണ് വിവാദമായത്. അത്തരമൊരു പശ്ചാത്തലത്തില്‍ നിന്നും ഹെലികോപ്ടറില്‍ കയറിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പരിഹസിച്ചു. ഇത് ജാതീയാധിക്ഷേപമാണെന്ന് തരത്തില്‍ വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. എം എം ഹസനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നു. എന്നാല്‍, 'സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. തന്‍റെ അച്ഛനും സഹോദരനും ചെത്ത് തൊഴിലെടുത്തവരാണെന്നും ചെത്തുകാരന്‍റെ മകനെന്ന് വിളിച്ചത് കൊണ്ട് ആക്ഷേപിച്ചതായി കാണുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പക്വത നിറഞ്ഞ മറുപടി .

കൂടുതല്‍ വായനയ്ക്ക്: 'സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരം', പാർട്ടി പരിശോധിക്കുമെന്ന് വിഡി സതീശൻ

തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ രംഗത്തെത്തി. പി ടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കാലം. സിപിഎം വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നു. ഇതിനിടെയാണ 'നായ' പരാമര്‍ശവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. ഇത് വലിയ തോതില്‍ വിവാദത്തിന് വഴി തെളിച്ചു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്‍റെ പേരില്‍ സുധാകരനെതിരെ കേസ് എടുക്കുക വരെയുണ്ടായി. 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്ധ്യോഗിക സ്ഥാനാര്‍ത്ഥി പരിവേഷത്തോടെ മത്സരിച്ച മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കെതിരെ ശശി തരൂര്‍ രംഗത്തെത്തിയപ്പോഴായിരുന്നു അടുത്ത വിവാദ പരാമര്‍ശം. ശശി തരൂര്‍ 'ട്രെയിനി' ആണെന്നായിരുന്നു സുധാകരന്‍റെ കണ്ടെത്തല്‍. ഒരു പാര്‍ട്ടിയെ നയിക്കാന്‍ വ്യക്തിത്വവും പാണ്ഡിത്യവും മാത്രം പോരെന്നും അനുഭവ പരിചയം കൂടി വേണെന്നുമായിരുന്നു സുധാകരന്‍റെ വാദം. എന്നാല്‍, താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനിയാണെന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി. 

കൂടുതല്‍ വായനയ്ക്ക്: സുധാകരന്‍റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി, എഐസിസി വിശദീകരണം തേടിയേക്കും; നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം

പിന്നാലെ തെക്കും വടക്കും തമ്മില്‍ കെ സുധാകരന്‍റെ വക താരതമ്യ പഠനം വന്നു. രാവണ നിഗ്രഹണത്തിന് ശേഷം സീതയ്ക്കും ലക്ഷ്മണനും ഒപ്പം പുഷ്പക വിമാനത്തില്‍ അയോധ്യയിലേക്ക് തിരിക്കുമ്പോള്‍ ലക്ഷ്മണനും രാമനും തമ്മിലുണ്ടായ സംഭാഷണമായിരുന്നു ഇത്തവണത്തെ വിഷയം. 'തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണന്‍ ചിന്തിച്ചു. എന്നാല്‍, തൃശൂര്‍ കഴിഞ്ഞപ്പോള്‍ താന്‍ ചിന്തിച്ചതില്‍ ലക്ഷ്മണന് കുറ്റബോധമുണ്ടായതെന്നും ഇത് മനസ്സിലാക്കിയ രാമന്‍ അത് ലക്ഷ്മണന്‍റെ തെറ്റല്ല, കടന്നുവന്ന മണ്ണിന്‍റെ തെറ്റാണെന്ന് പറഞ്ഞു' എന്നായിരുന്നു സുധാകരന്‍റെ പുതിയ കണ്ടെത്തല്‍. പിന്നാലെ കെപിസിസി പ്രസിഡന്‍റ് തെക്കന്‍ ജില്ലക്കാരെ ഒന്നാകെ അപമാനിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതോടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍... പ്രസ്ഥാവന പിന്‍വലിച്ചെന്ന് സുധാകരന്‍ പറഞ്ഞു. 

ഇതിനിടെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേണ്ടിവന്നാല്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന സുധാകരന്‍റെ പഴയ അഭിമുഖങ്ങളും പ്രചരിക്കപ്പെട്ടു. ബിജെപി നേതാക്കള്‍ അമിത് ഷായെ കാണാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. ബിജെപിയുമായി യോജിച്ച് പോകാന്‍ കഴിയുമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഞാന്‍ പോകും അതിന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്. ഇത് വീണ്ടും ചര്‍ച്ചയായി. കെപിസിസി പ്രസിഡന്‍റായി ചുമതല ഏറ്റെടുത്തപ്പോള്‍ ഈ അഭിമുഖം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്: കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ

അടുത്തകാലത്തായി, പണ്ട് ആര്‍ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നല്‍കിയെന്ന് കെ സുധാകരന്‍ അവകാശപ്പെട്ടു. കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂര്‍ എടക്കാട് മണ്ഡലത്തിലെ ചില ആർ.എസ്.എസ് ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയെന്നായിരുന്നു ആ പരമാർശം. ആര്‍ എസ് എസ് ശാഖകള്‍ക്കെതിരെ സി പി എം അക്രമം അഴിച്ച് വിട്ടപ്പോള്‍ പൗരൻമാരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ വിശദീകരണം. 

ഏറ്റവും ഒടുവില്‍, നെഹ്റുവിലും കെ സുധാകരന് നാക്ക് പിഴച്ചു. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്‍റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന സുധാകരന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് വീണ്ടും രംഗത്തെത്തി. നെഹ്‌റുവിനെ തമസ്ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചതെന്നും എന്നാല്‍, അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചതെന്നും കെ സുധാകരന്‍ ഏറ്റ് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശം: ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് രാജിവെച്ചു

എന്നാല്‍, കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷിയായ മുസ്ലീം ലീഗില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് സുധാകരനെതിരെ ഉയര്‍ന്നിരിക്കുന്നത്. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയമല്ലിതെന്ന് മനസിലാക്കണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ക്ക് കോണ്‍ഗ്രസിന് പുറത്തേക്ക് പോകാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ എന്ന് എം കെ മുനീര്‍ ആവര്‍ത്തിച്ചു. സുധാകരൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ആശങ്കയും സംശയങ്ങളും ഉണ്ടാക്കുന്നതാണെന്ന് മുസ്ലീം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി രംഗത്തെത്തി. സുധാകരൻ നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നുവെന്നും കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാനുള്ള ശ്രമമാണിതെന്നും സിപിഎം സെക്രട്ടേറിയേറ്റ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അസ്വാരസ്യങ്ങളുണ്ടെങ്കിലും ശക്തനായ കെപിസിസി പ്രസിഡന്‍റിനെതിരെ നേരിട്ട് ഏറ്റുമുട്ടാന്‍ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം.

കൂടുതല്‍ വായനയ്ക്ക്: സുധാകരൻ്റെ മനസ്സ് ബിജെപിക്കൊപ്പം, കോൺഗ്രസിന് വേറെ വഴിയില്ലെന്നും കെ സുരേന്ദ്രൻ