Asianet News MalayalamAsianet News Malayalam

സുധാകരൻ്റെ മനസ്സ് ബിജെപിക്കൊപ്പം, കോൺഗ്രസിന് വേറെ വഴിയില്ലെന്നും കെ സുരേന്ദ്രൻ

ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ 

K Surendran reacts on K Sudhakaran's statement related to RSS
Author
First Published Nov 15, 2022, 11:09 AM IST

കൊച്ചി : കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാർ ഒരുപാട് കോൺ​ഗ്രസിലുണ്ട്.  കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം സുധാകരൻ വിഷയത്തിൽ എതിർപ്പറിയിടച്ച മുസ്ലിം ലീ​ഗിനെതിരെയും സുരേന്ദ്രൻ പ്രതികരിച്ചു. കെ സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ചോ​ദിച്ചു. 

കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട്  സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം. 

''ആർ.എസ്.എസ് നേതാവ്  ശ്യാമപ്രസാദ് മുഖർജിയെ  സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ ജവഹർലാൽ നെഹ്റു മനസു കാണിച്ചു. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്റുവിൻ്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു'' കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം. 

നെഹ്റു ആർ എസ് എസ് പരാമർശത്തിൽ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ സുധാകരൻ തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ ആർ എസ് എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് സുധാകരൻ കാണുന്നതെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിനെ ബി ജെ പിയാക്കി മാറ്റാൻ ആണ് സുധാകരന്‍റെ ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു. യു ഡി എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി പി എം ആവശ്യപ്പെട്ടു. 

Read More : 'ഗോഡ്‍സയെ വെള്ളപൂശുന്ന ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല; കെ സുധാകരനെതിരെ തുറന്നടിച്ച് മുസ്ലിം ലീഗ് നേതാവ്

Follow Us:
Download App:
  • android
  • ios