കോട്ടയം: കസ്റ്റ‍ഡി മരണത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ ‍വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്നുവിട്ടത് സിപിഎമ്മാണെന്നും ആ ഭൂതമിപ്പോൾ പാർട്ടിയെ വിഴുങ്ങുന്ന സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ കയ്യിൽ കിട്ടിയാൽ വെട്ടിക്കൊല, പൊലീസിന്റെ കയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊല എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കോസ്റ്റൽ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ  കസ്റ്റഡി മരണം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ സംഭവിക്കരുത്. തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയം. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.