ഇരക്ക് ഒപ്പം നിക്കാതെ വേട്ടക്കാരനൊപ്പം ചേര്‍ന്ന്, ഇരക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്,നടിയെ അക്രമിച്ച കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫീസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നതെന്നും കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം; അതിജീവിതക്ക് ഒപ്പമെന്ന് അവകാശപ്പെടുകയും എന്നാല്‍ കേസ് അന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിര്‍ജ്ജീവമാക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനായി സിപിഎം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.കേസ് അന്വേഷണം നിശ്ചലമാക്കാന്‍ ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായാണ് മാധ്യമ വാര്‍ത്തകള്‍. ഇത്തരം ഗുരുതരമായ ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം അതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.സിപിഎം നേതാക്കള്‍ അതിജീവിതയെ അധിക്ഷേപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിജീവത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

നീതിക്കായി കോടതി കയറേണ്ട ഗതികേടാണ് പ്രശസ്തയായ നടിക്ക് പോലുമെങ്കില്‍ സാധാരണക്കാരുടെ കാര്യം ഊഹിക്കാവുന്നതെയുള്ളൂ. അതിജീവിതക്ക് നീതി നിഷേധിക്കുന്ന മുഖ്യമന്ത്രിയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കുമെന്നാണ് വീമ്പ് പറച്ചില്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കണം.

കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളും സ്ത്രീ സൗഹൃദമല്ല. ഓട്ടോ യാത്രക്കിടെ പോലീസില്‍ നിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസം നടി അര്‍ച്ചന കവി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സ്ത്രീവിരുദ്ധ നയമാണ് പോലീസും നടപ്പാക്കുന്നത്. ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫീയ പര്‍വീണിനുണ്ടായ ദുരന്തം കേരളം മറന്നിട്ടില്ല. നടനും നിര്‍മ്മാതാവുമായ വ്യക്തി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലും നാളിതുവരെയായിട്ടും അന്വേഷണം എങ്ങും എത്തിയില്ല. കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞാണ് ഇദ്ദേഹം വിദേശത്ത് പോയതെന്നാണ് മാധ്യമവാര്‍ത്ത.പ്രതികള്‍ക്ക് രക്ഷപെടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു പോലീസ്. ഉന്നതര്‍ ഉള്‍പ്പെട്ട സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് വരെ നിയമനടപടികള്‍ വൈകിപ്പിക്കുന്ന ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു.കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

Also read:അതിജീവിതയുടെ ഹര്‍ജി;ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി, നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും