സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണിതെന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം. രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിതെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണിതെന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം. രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിതെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു. മയക്കുവെടിയേറ്റോ എന്ന് പറയേണ്ടത് സിപിഐ ആണെന്നും സണ്ണി ജോസഫ് പറഞ്ഞു. ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിനേ അവകാശമുള്ളൂ. മരവിപ്പിക്കാം എന്ന നിർദ്ദേശം പ്രായോഗികമല്ല. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ബിജെപി- സിപിഎം ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് വിമർശിച്ചു.

ദില്ലിയിലെ ചർച്ച തെരഞ്ഞെടുപ്പ് ഒരുക്കത്തിന് വേണ്ടിയുള്ള ചർച്ചയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഐക്യത്തോടെ മുന്നോട്ട് പോകും. ചർച്ചകൾ ശുഭകരമാണ്. സംഘടനാ ശാക്തീകരണത്തിനായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. കെപിസിസി യോഗം ചേരാൻ സമയം നോക്കട്ടെയെന്നും സണ്ണി ജോസഫ് മറുപടി പറഞ്ഞു.