Asianet News MalayalamAsianet News Malayalam

കേരള-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് നേതാക്കള്‍; കെപിസിസി 'സമരാഗ്നി'ക്ക് കാസര്‍കോട് തുടക്കം

എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും  ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

kpcc protest samragni started fromKasaragod, congress leaders attacked state and central government
Author
First Published Feb 9, 2024, 6:58 PM IST

കാസര്‍കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കം. വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരണ്ടി പറയുകയാണ്. പറഞ്ഞ് ഗ്യാരണ്ടികള്‍ എവിടെപ്പോയി?. ഈ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണം.


എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സർക്കാരുമായി സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂർത്ത് നടത്താൻ വേണ്ടി ഇറങ്ങിയാൽ അംഗീകരിക്കില്ല. നരേന്ദ്ര മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പിണറായി ഗവർണറോട് ഏറ്റ്മുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാൾ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. നാട് നിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

പിണറായിയുടെ  ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം  ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്ക് എതിരെ എത്ര കേസുകൾ ഉയർന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണമാണെന്നും കെ സുധാകരൻ തുറന്നടിച്ചു. പിണറായിയുടെ മുൻ സെക്രട്ടറി ഇന്ന് ജയിലിലാണ്.
എന്നിട്ടും പിണറായി മാത്രം പ്രതിയായില്ല. എസ്എന്‍സി ലാവലിന്‍ കേസ് എന്തായി? സ്വർണക്കടത്ത് എന്തായി? 14 അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കിൽ പിണറായി ജയിലിൽ പോയേനെയെന്നും കെ സുധാകരൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും കെ സുധാകരൻ പറഞ്ഞു.

ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത എടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.ഇവിടെ മോഡിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ കുഴൽപണ കേസിൽ തിരിച്ച് സഹായിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരുപതിൽ ഇരുപത് സീറ്റുകളും നേടാൻ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും വിഡി സതീശന പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും. കാസര്‍കോട്ട് പരിപാടി നാളെ രാവിലെ പത്തിന് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

പണമൊളിപ്പിച്ചത് റെക്കോഡ് റൂമിൽ, മുങ്ങാനുള്ള ശ്രമത്തിനിടെ മുന്നിൽ വിജിലൻസ്, സബ് രജിസ്ട്രാ‌ർ അടക്കം കുടുങ്ങി

 

Follow Us:
Download App:
  • android
  • ios