ദില്ലി: കെപിസിസി പുനഃസംഘടനയിൽ കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ച ഇന്നും തുടരും. ജംബോ പട്ടിക ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്, ഇതിനുസരിച്ച് 25 പേരുടെ പട്ടികയുമായാണ് മുല്ലപ്പള്ളി ദില്ലിയിലെത്തിയതും എന്നാൽ എ, ഐ ഗ്രൂപ്പുകളുടെ എതിർപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധി.

ഇരു ഗ്രൂപ്പുകളിൽ നിന്നും പത്ത് വീതം പ്രതിനിധികളെയും ഗ്രൂപ്പില്ലാത്ത അഞ്ച് പേരെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് പത്ത് വീതം ജനറല്‍ സെക്രട്ടറിമാര്‍ വേണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ മുന്‍പോട്ട് വച്ചത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി 25 സെക്രട്ടറിമാരും വേണമെന്ന നിര്‍ദ്ദേശമുണ്ട്. മുകൾ വാസ്‌നിക്കുൾപ്പടെയുള്ളവരുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ വീണ്ടും ദില്ലിയിലെത്തും. 

വർക്കിംഗ് പ്രസിഡന്‍റുമാരുടെ സ്ഥാനം നിലനിർത്തണോ എന്ന കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതായിരിക്കും. കൊടിക്കുന്നിൽ സുരേഷും, കെ സുധാകരനും ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകരുതെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശമെങ്കിലും ഗ്രൂപ്പുകൾ തമ്മിൽ ഇത് വരെ സമവായമുണ്ടായിട്ടില്ല. ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വ്യക്തിക്ക് ഇരട്ടപ്പദവി പാടില്ലെന്ന നിലപാടിലും ജനപ്രതിനിധികൾ പട്ടികയിൽ വേണ്ടെന്ന നിലപാടിലും മുല്ലപ്പള്ളി ഉറച്ച് നിൽക്കുകയാണ്.