ദില്ലി: കെപിസിസി പുനസംഘടന ചർച്ച അന്തിമഘട്ടത്തിലേക്ക്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഇന്ന് വീണ്ടും ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എ ഗ്രൂപ്പിന്റെ പട്ടികയിൽ ധാരണയായി എന്നാണ് വിവരം. 

ഒരാൾക്ക് ഒരു പദവി മതിയെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും നിലവിൽ വർക്കിംഗ്‌ പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും തസ്തികയിൽ തുടരാൻ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. തുടർചയായ 10 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറിമാർക്ക് സ്ഥാനചലനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നത്തെ ചർച്ചയിൽ ധാരണയായെങ്കിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് പട്ടിക കൈമാറും. അങ്ങനെയെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചേക്കും.