ദില്ലിയിലെ കേരള ഹൗസിൽ നടന്ന ചര്‍ച്ചയിൽ കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ്‌ ചെന്നിത്തല, അടൂർ പ്രകാശ് എന്നിവര്‍ പങ്കെടുത്തു

ദില്ലി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ദില്ലിയിൽ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍. നിലവിലെ ഭാരവാഹികളെയടക്കം മാറ്റാതെയായിരിക്കും പുതിയ പട്ടിക വരുകയെന്നാണ് വിവരം. ഇതോടെ കെപിസിസിക്ക് ജംബോ കമ്മിറ്റിയായിരിക്കും വരുകയെന്ന് ഉറപ്പായി. 

ദില്ലിയിലെ കേരള ഹൗസിൽ നടന്ന ചര്‍ച്ചയിൽ കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ്‌ ചെന്നിത്തല, അടൂർ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. കെപിസിസി വൈസ് പ്രസിഡണ്ടുമാരുടെയും ഭാരവാഹികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ ചര്‍ച്ചയിൽ ധാരണയെന്നാണ് വിവരം.

വൈസ് പ്രസിഡണ്ടുമാരുടെയും ജനറൽ സെക്രട്ടറി ട്രഷറർ ഉൾപ്പെടെ 45 ലധികം ഭാരവാഹികളാണുള്ളത്. 80 സെക്രട്ടറിമാരുണ്ടാകുമെന്നാണ് ധാരണ. സെക്രട്ടറിമാരുടെ എണ്ണം ഇതിലും കൂടാനും സാധ്യതയുണ്ട്. നിലവിലെ കെപിസിസി ഭാരവാഹികളിൽ ആരെയും മാറ്റിയേക്കില്ല.

അതേസമയം, കോൺഗ്രസ് പുനഃസംഘടനയിൽ ചർച്ചകൾ ഇനിയും തുടരുമെന്ന് ചര്‍ച്ചയ്ക്കുശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.ദില്ലി ചർച്ചയിൽ അന്തിമ രൂപമായില്ല. നാട്ടിലേക്ക് തിരിച്ച് പോയി ചർച്ചകൾ തുടരും. ഡിസിസി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.അതിനുശേഷം ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

YouTube video player