Asianet News MalayalamAsianet News Malayalam

ജംബോ പട്ടിക ചുരുക്കുമോ? അഭിപ്രായഭിന്നതയില്ല, കെപിസിസി പുനഃസംഘടന ഉടനെന്ന് മുല്ലപ്പള്ളി

ജംബോ പട്ടികയുമായി എത്തിയ സംസ്ഥാന നേതൃത്വത്തോട് നേരത്തെ പട്ടിക ചുരുക്കാന്‍ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എ, ഐ ഗ്രൂപ്പുകളെ പിണക്കാതെ ഇരുവിഭാഗത്തിലും പ്രാതിനിധ്യം നല്‍കിയുള്ള പട്ടിക വേണമെന്നാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ആവശ്യം. 

kpcc reshuffle mullappally ramachandran reaction
Author
Delhi, First Published Jan 14, 2020, 4:56 PM IST

ദില്ലി: കെപിസിസി പുനസംഘടന എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും താനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുന്നവർ മൂഢസ്വർഗത്തിലാണ്. ഫെബ്രുവരി ആദ്യവാരം കേരളത്തിലെ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച്  മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍കൂടി ചര്‍ച്ചചെയ്യാന്‍ ദില്ലിയിലെത്തിയതാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍. ജംബോപട്ടികയുമായി എത്തിയ സംസ്ഥാന നേതൃത്വത്തോട് നേരത്തെ പട്ടിക ചുരുക്കാന്‍ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിമാരും ട്രഷറര്‍മാരും ഉള്‍പ്പെടുന്ന 25 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഒരു വ്യക്തിക്ക് ഇരട്ടപ്പദവി പാടില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

അതേസമയം എ, ഐ ഗ്രൂപ്പുകളെ പിണക്കാതെ ഇരുവിഭാഗത്തിലും പ്രാതിനിധ്യം നല്‍കിയുള്ള പട്ടിക വേണമെന്നും ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം കൂട്ടണമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും നിലപാട്. ഇതു സംബന്ധിച്ച് മുല്ലപ്പള്ളിയുമായി ഇരുവിഭാഗത്തിനും അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം കൂട്ടിയേക്കുമെന്നാണ് അറിയുന്നത്.

ഇതോടൊപ്പം പട്ടികയില്‍ യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യവും ഉറപ്പാക്കും. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി പട്ടിക സംബന്ധിച്ച് നേതാക്കൾ ചർച്ച  നടത്തിയിരുന്നു. ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ  ഗ്രൂപ്പ്‌ നേതൃത്വങ്ങളിലും ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.  

Follow Us:
Download App:
  • android
  • ios