ഭരണം പിടിക്കാനെന്ന പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമെന്നായിരുന്നു അഞ്ച് മേഖലകളിലായി ബിജെപി നേതൃത്വം പരിശോധിച്ചത്.

കോഴിക്കോട്: ബിജെപി(bjp) പുനഃസംഘടനയില്‍ കടുത്ത അതൃപ്തിയുമായി കൃഷ്ണദാസ് (pk krishnadas) പക്ഷം . തെര‌ഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ചര്‍ച്ച പോലും നടത്താതെയുള്ള പുനസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനാണ് നീക്കം. ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നും പരാതിയുണ്ട്.

ഭരണം പിടിക്കാനെന്ന പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമെന്നായിരുന്നു അഞ്ച് മേഖലകളിലായി ബിജെപി നേതൃത്വം പരിശോധിച്ചത്. അഞ്ച് മേഖലകളിലെയും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോര്‍ കമ്മിറ്റിക്ക് കൈമാറി.

ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെയും വച്ചു. എന്നാല്‍ ഈ സമിതി ഒരു വട്ടം പോലും യോഗം ചേര്‍ന്നില്ല. അതായത്, തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോള്‍ പുനസംഘടന നടപ്പാക്കിയത്. അതാകട്ടെ ഭാരവാഹി പട്ടികയിൽ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നിലയിലുമായെന്ന പരാതിയാണ് കൃഷ്ണദാസ് പക്ഷത്തിനുളളത്.

മേഖല തല ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശിച്ചവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ട ജെ ആർ പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി. ബത്തേരി കോഴക്കേസിൽ സുരേന്ദ്രനൊപ്പം നില്‍ക്കാത്ത പേരില്‍ സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കി.

തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരില്‍ പല ജില്ലകളിലും അധ്യക്ഷന്‍മാരെ മാറ്റിയപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുന്നത്. പുനസംഘടനയ്ക്കു പിന്നാലെ താഴെത്തട്ടില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നതെന്നും കൃഷ്ണദാസ് പക്ഷം പറയുന്നു.