ഉമ തോമസ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം

കൊച്ചി: തൃക്കാക്കരയിൽ (thrikkakara)ഇടതു മുന്നണി സ്ഥാനാർഥിയെ(left candidate) ഇന്ന് പ്രഖ്യാപിക്കും.അഡ്വ.കെ.എസ്.അരുൺ കുമാറിലാണ് (ks arun kumar)ഇപ്പോൾ ചർച്ചകൾ എത്തി നിൽക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാർഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം.രാവിലെയോടെ സ്ഥാനാർഥിയെ തീരുമാനിച്ച് എൽഡിഎഫിൽ അവതരിപ്പിക്കും. പിന്നാലെ മുന്നണി കൺവീനർ ഇ.പി.ജയരാജൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബിജെപി സ്ഥാനാർഥി നിർണ്ണയം ഇനിയും വൈകും

 'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര': ഉപതെരഞ്ഞെടുപ്പിൽ ഇടതിന്റെ മുഖ്യപ്രചാരണ വാചകം


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. 

കേരള നിയമസഭയിൽ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ റയില്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യു‍‍‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്, എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്പോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു.

നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ട്വന്‍റി ട്വന്‍റി - ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടർമാർക്ക് മുന്നിൽ ഇടതുപക്ഷം വെക്കുന്നത്.