തിരുവനന്തപുരം: ഇനിയും മഴ ശക്തമായില്ലെങ്കിൽ സമീപഭാവിയിൽ തന്നെ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്. അണക്കെട്ടുകളിൽ ഇനി 86 ദിവസത്തെ വൈദ്യുതോൽപ്പാദനത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മാസം 16 ന് വീണ്ടും സ്ഥിതി വിലയിരുത്താൻ വൈദ്യുതി ബോർഡ് യോഗം ചേരും.

അരക്കിലോമീറ്റർ ഭാഗം കേസിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഇടമൺ-കൊച്ചി 400 കെവി ലൈൻ ഉദ്ഘാടനം ചെയ്യാൻ സാധിക്കുന്നില്ല. ഇത് സാധിച്ചാൽ വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് രക്ഷനേടാനാവും. പുറത്ത് നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി എത്തിക്കാനും പ്രശ്നം പരിഹരിക്കാനുമാവുമെന്നാണ് വൈദ്യുതി ബോർഡ് വ്യക്തമാക്കിയത്.

ഇടുക്കി അണക്കെട്ടിൽ 20.3 ശതമാനമാണ് വെള്ളത്തിന്റെ അളവ്. ശബരിഗിരിയിൽ 17.5 ശതമാനവും ഇടമലയാറിൽ 20.2 ശതമാനവും വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 92 ശതമാനമായിരുന്നു അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ്.

അണക്കെട്ടുകളിൽ അവശേഷിക്കുന്ന ജലവുമായി തുലാവർഷം വരെ പോകുന്നത് കേരളത്തിനും വൈദ്യുതി വകുപ്പിനും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. 

മഴ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ കണ്ണുംനട്ടാണ് കേരളത്തിന്റെ കാത്തിരിപ്പ്. നൂറ് ശതമാനം മഴ ഈ മാസങ്ങളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.