Asianet News MalayalamAsianet News Malayalam

പെരുന്തേനരുവി കെഎസ്ഇബി പവർ ഹൗസ് മുങ്ങി, ജനറേറ്ററുകൾക്ക് തകരാർ; തോട്ടം മേഖലയിൽ സുരക്ഷാ നിർദ്ദേശം

കോട്ടയത്ത് കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പാലാ- പൂഞ്ഞാർ സംസ്ഥാന പാതയിൽ പനയ്ക്കപ്പാലം, ഇടപ്പാടി, മൂന്നാനി എന്നിവിടങ്ങിൽ വെള്ളം കയറി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

KSEB powerhouse drowned in flood Kerala rain Updates
Author
Thiruvananthapuram, First Published Aug 7, 2020, 4:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പെരുന്തേനരുവിയിലെ കെഎസ്ഇബി പവർ ഹൗസ് മുങ്ങി. ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചു. അതേസമയം രാജമല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോട്ടം മേഖലയിൽ ഉള്ള ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അതത് ജില്ലാ കളക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. 

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുറക്കും. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കരിയാത്തും പാറ, പെരുവണ്ണമൂഴി മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അട്ടത്തോട് പടിഞ്ഞാറേക്കരയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആർക്കും പരിക്കില്ല. വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. അട്ടത്തോട് കോളനിയിൽ രണ്ട് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ, പടിഞ്ഞാറെക്കര കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

മുത്തങ്ങ വഴിയുളള  ഗതാഗതം തടസ്സപ്പെട്ടതിനാല്‍ അതിര്‍ത്തി കടന്ന് എത്തുന്ന യാത്രക്കാര്‍ക്കായി  ബാവലി  ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെത്തുന്നവർക്കാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ലഭിക്കുക. മെഡിക്കല്‍ നോഡല്‍ ഓഫീസറായ ഡോ. മുഹമ്മദ് അസ്ലമിനാണ് ചുമതല. വാഹനങ്ങളും, മൊബൈല്‍ ഫെസിലേറ്റഷന്‍ യൂണിറ്റും മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാക്കും. .ജില്ലാ നിര്‍മ്മിതി കേന്ദ്രം ബാവലിയില്‍ വിന്യസിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  താമസ സൗകര്യം  ഒരുക്കും. മുത്തങ്ങ വഴിയുളള ഗതാഗതം പുനസ്ഥാപിച്ചാൽ ഫെസിലിറ്റേഷന്‍ സെന്റര്‍ അടക്കും.

കോട്ടയത്ത് കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പാലാ- പൂഞ്ഞാർ സംസ്ഥാന പാതയിൽ പനയ്ക്കപ്പാലം, ഇടപ്പാടി, മൂന്നാനി എന്നിവിടങ്ങിൽ വെള്ളം കയറി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പൂഞ്ഞാർ പെരിങ്ങളത്തുണ്ടായ ഉരുൾപൊട്ടലിൽ പുത്തൻ പറമ്പിൽ മേരിയുടെ വീട് പൂർണ്ണമായും തകർന്നു. ഇവരെ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആളപായം ഒഴിവായി. പാതാമ്പുഴ ചോലത്തടം കുഴിമ്പള്ളിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. 

പാലാ-വൈക്കം റോഡിൽ ആണ്ടൂർ ഭാഗത്ത് വെള്ളം കയറിയത് ഗതാഗതം തടസ്സപ്പെടുത്തി. പാലാ നഗരത്തിനോട് ചേർന്നുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നിട്ടുണ്ട്‌. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലയുടെ ചുമതലയുള്ള
മന്ത്രി പി. തിലോത്തമനും സ്ഥലത്തെത്തി.

Follow Us:
Download App:
  • android
  • ios