സിഐടിയുവുമായി കലഹിച്ചാണ് മുൻ ചെയർമാൻ ബി അശോകന് കസേര തെറിച്ചത്. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷയും യൂണിയൻ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയും ഉള്‍പ്പെടെ നിരന്തരം ചെയർമാനും യൂണിയനുമായി കൊമ്പുകോർത്തിരുന്നു.
തിരുവനന്തപുരം: കെഎസ്ഇബി മുൻ ചെയർമാൻ ബി അശോകന്‍റെ തീരുമാനങ്ങള്‍ തിരുത്തി പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡേ. ചെയർമാന്‍റെ ഓഫീസിന് മുന്നിലെ സുരക്ഷ പിൻവലിക്കാൻ എസ്ഐഎസ്എഫ് കമാണ്ടർക്ക് ചെയർമാൻ കത്തയച്ചു. ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാന്‍റെ തീരുമാനവും മരവിപ്പിച്ചു.
സിഐടിയുവുമായി കലഹിച്ചാണ് മുൻ ചെയർമാൻ ബി അശോകന് കസേര തെറിച്ചത്. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷയും യൂണിയൻ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയും ഉള്‍പ്പെടെ നിരന്തരം ചെയർമാനും യൂണിയനുമായി കൊമ്പുകോർത്തിരുന്നു. എന്നാൽ പുതിയ ചെർമാൻ രാജൻ ഖൊബ്രഗഡേ യൂണിയനുമായി ഉരസാനില്ലെന്ന നിലപാടിലാണ്. ബി അശോകന്‍റെ അഭിമാന പ്രശ്നങ്ങളായിരുന്ന നടപടികള്‍ ഓരോന്നായി പുതിയ ചെയർമൻ തിരുത്തുകയാണ്. ചെയർമാന്‍റെ ഓഫീസിന് മുന്നിലെ സ്റ്റേറ്റ് ഇൻഡ്രസട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്‍റെ സുരക്ഷ നാളെ മുതൽ വേണ്ടെന്ന് ചൂണ്ടികാട്ടി രാജൻ ഖൊബ്രഗഡേ കമാണ്ടർക്ക് കത്തയച്ചു. യൂണിനുമായുള്ള തർക്കത്തിനിടെയാണ് മുൻ ചെയർമാൻ ഓഫീസിന് മുന്നിൽ സുരക്ഷ വർദ്ധിപ്പിച്ചത്.
ചെയർമാനുമായുള്ള കൂടിക്കാഴ്ച്ചകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്‍റെ ആദ്യപടിയായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ ബി അശോക് ഉപയോഗിച്ചിരുന്ന വാക്കി ടോക്കിയും പുതിയ ചെയർമാൻ ഇതേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ബി അശോക് ഉപയോഗിച്ചിരുന്ന മൂന്ന് ഔദ്യോഗിക വാഹനങ്ങളും രാജൻ ഖൊബ്രഗഡേ ഒഴിവാക്കി. പുതുതായി രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാന്‍റെ പർച്ചേഴ്സ് ഓർഡറും മരവിപ്പിച്ചു. ചെലവു കുറയ്ക്കുന്നതിൻെറ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്നാണ് ചെയർമാന്‍റെ ഓഫീസ് പറയുന്നത്.
