തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ സിപിഎമ്മിലെ വിയോജിപ്പ് മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിനേറ്റ തിരിച്ചടി. വിജിലന്‍സിനെ കുറ്റപ്പെടുത്തുമ്പോഴും നേതാക്കളുടെ പരസ്യ പ്രതിഷേധം വിരല്‍ ചൂണ്ടുന്നത് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ തിരുത്താന്‍ കഴിയാതെ പഴികേട്ട പാര്‍ട്ടി നേതൃത്വമാണ് ഒന്നിനുപിറകെ ഒന്നായി വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുന്നത്.

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലാണ് കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയും ഭരണവും കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കൈയ്യടിക്കുകയാരുന്നു ഇതുവരെ എകെജി സെന്റര്‍. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നില്ല. തുടരെ തുടരെ ഉണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലായതോടെ സിപിഎം നേതാക്കള്‍ ആര്‍ജവം വീണ്ടെടുക്കുകയാണ്. പൊലീസ് നിയമഭേദഗതിയില്‍ എംഎ ബേബി ഉയര്‍ത്തിയ ആശങ്കയായിരുന്നു തുടക്കം. പിന്നീട് ജാഗ്രതക്കുറവ് തുറന്ന് പറഞ്ഞുള്ള എ വിജയരാഘന്റെ ഏറ്റുപറച്ചില്‍. നാല് കൊല്ലം പതിവില്ലാതിരുന്ന പലതും സിപിഎമ്മില്‍ പ്രകടമായി. വിജിലന്‍സ് കെഎസ്എഫ്ഇ വിവാദത്തില്‍ ഐസക്ക് വിജിലന്‍സിനെതിരെ ആഞ്ഞടിതിന് പിന്നാലെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തി.

കെഎസ്എഫ്ഇ -വിജിലന്‍സ് വിവാദത്തില്‍ ആഭ്യന്തരവകുപ്പും ധനവകുപ്പും നേര്‍ക്കുനേര്‍ വരുമ്പോള്‍ പിന്തുണയേറുന്നത് ഐസക്കിനാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന കെഎസ്എഫ്ഇയില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണോ പരിശോധന എന്നതാണ് പ്രധാന ചോദ്യം. പൊലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉപദേശകരും വെട്ടില്‍ നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധനയും തിരിഞ്ഞുകൊത്തുന്നത്. നിര്‍ണായക നീക്കങ്ങളും തീരുമാനവും പാര്‍ട്ടിയറിയാതെ ഇനിവേണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കളുടെ പരസ്യവിമര്‍ശനങ്ങള്‍. സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ തുടങ്ങി വിജിലന്‍സ് വിവാദം വരെ തുടരെ തുടരെ മുഖ്യമന്ത്രിക്ക് ചുവട് പിഴക്കുന്ന സ്ഥിതിയാണ്. പാര്‍ട്ടി നേതൃമാറ്റത്തിന് ശേഷം തുടരെത്തുടരെ ഇടപെടലുണ്ടാകുന്നതും ശ്രദ്ധേയം.