ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ  ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആര്‍ ടി സിയുടെ കണക്ക്

തിരുവനനന്തപുരം: തലസ്ഥാനവാസികൾ നെഞ്ചേറ്റിയ ഇലക്ട്രിക് ബസിനെ തള്ളിപ്പറഞ്ഞ് വിമർശനമേറ്റുവാങ്ങിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി. കെ എസ് ആര്‍ ടി സിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതോടെ, ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രിയുടെ വാദം മൊത്തത്തിൽ പൊളിയുകയാണ്. ഇലക്ട്രിക് ബസിന്‍റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് കെ എസ് ആര്‍ ടി സിയുടെ വാർഷിക റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആര്‍ ടി സിയുടെ കണക്ക്.

ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ യുവാക്കളുടെ യാത്ര, ആ‌ർക്കും സംശയം തോന്നില്ല! ബാഗ് തുറന്നപ്പോൾ നിറയെ കഞ്ചാവ്

ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സര്‍വീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ ഒരു കിലോമിറ്റർ ഓടുമ്പോൾ ഇലക്ട്രിക് ബസിൽ നിന്നും 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും കെ എസ് ആര്‍ ടി സിയുടെ വാർഷിക റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. അതേസമയം ഇലക്ട്രിക് ബസ്സുകളുടെ ലാഭ നഷ്ക്കണക്കുകൾ രേഖപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് സി എം ഡി ചൊവ്വാഴ്ച മന്ത്രിക്ക് സമര്‍പ്പിക്കും. സി എം ഡിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് ഗതാഗത മന്ത്രി കടക്കാനിരിക്കെയാണ് കെ എസ് ആര്‍ ടി സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഗണേഷ് കുമാർ ഉയർത്തിവിട്ട ഇലക്ട്രിക് ബസ് വിവാദം കെ എസ് ആര്‍ ടി സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശക്തമായിട്ടുണ്ട്. ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജുവും കെ എസ് ആര്‍ ടി സിയും സിറ്റി സര്‍വ്വീസിനെ വാനോളം പുകഴ്ത്തുന്നതിനിടെയായിരുന്നു ഇലട്രിക് ബസ്സുകൾ വെള്ളാനയെന്ന് തുറന്നടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. ഇനി ഇലട്രിക് ബസ്സുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സര്‍വ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേഷ് കുമാറിന്‍റെ നിലപാട്. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. തലസ്ഥാനവാസികൾ നെഞ്ചേറ്റിയ സര്‍വ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എം എൽ എ വി കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും, നയപരമായ തീരുമാനങ്ങൾ പുനഃപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നിലപാടെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം