പാലക്കാട്: അവിനാശി അപകടത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം തുടങ്ങി. അപകടത്തിൽപ്പെട്ട ബസ്  തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഏറ്റുവാങ്ങി എടപ്പാളിലെ കെഎസ്ആർടിസി റീജിയണൽ വർക് ഷോപ്പിലെത്തിച്ചു. 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് സർക്കാർ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ അന്വേഷണം. എടപ്പാളില്‍ എത്തിച്ച ബസ് ഇനി ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. 

തകർന്ന ബസ് അവിനാശിയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് എടപ്പാളിലേക്കെത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിൽ നിന്ന് എഫ്ഐആർ പകർപ്പ് ഏറ്റുവാങ്ങി. ലോറി ‍ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് എഫ്ഐആറിലുളളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ അശ്രദ്ധയോടെ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകരമാണ് ലോറി ഡ്രൈവർ ഹേമരാജിനെതിരെ തമിഴ്നാട് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. 

പരിക്കേറ്റ് രക്ഷപ്പെട്ടവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും  കെഎസ്ആർടിസി റിപ്പോർട്ട് സമർപ്പിക്കുക. അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുളള നഷ്ടപരിഹാരം നൽകുന്നതിനാണ് പ്രഥമ പരിഗണനെയന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. 

അപകടത്തിൽപ്പെട്ട ബസ് എടപ്പാളിലേക്ക് കൊണ്ടുപോകുന്നത് കാണാൻ അതിർത്തി മുതൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. അപകടത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് ബസ് കാണാനെത്തിയവര്‍ പറഞ്ഞു. അതിനിടെ അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതർക്കുളള നഷ്ടപരിഹാര തുകയുടെ ആദ്യഗഡു കെഎസ്ആർടിസി നൽകി തുടങ്ങി. പാലക്കാട് ജില്ലയിൽ മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങൾക്ക്  ആദ്യഗഡുവായ രണ്ട് ലക്ഷം രൂപ വീതം നൽകി.